You are currently viewing  ഏഷ്യൻ ​ഗെയിംസ് ടെന്നിസിൽ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വർണം

 ഏഷ്യൻ ​ഗെയിംസ് ടെന്നിസിൽ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ടെന്നിസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയ്ക്ക് സ്വർണം. രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് ടെന്നിസിൽ ഇന്ത്യയുടെ അഭിമാനമായത്. ​​സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ ചൈനീസ് തായ്‌പേയിയുടെ ലിയാങ് എന്‍ ഷുവോ-ഹുവാങ് സുങ് ഹാവോ സഖ്യത്തെ ഇന്ത്യ പരാജയപ്പെടുത്തി. ആദ്യ സെറ്റിൽ പരാജയപ്പെട്ട ശേഷമാണ് ഇന്ത്യൻ താരങ്ങളുടെ തിരിച്ചുവരവ്. സ്കോർ 2-6, 6-3, 10-4.

ആദ്യ സെറ്റിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ സംഘം പുറത്തെടുത്തത്. പൊരുതുകപോലും ചെയ്യാതെ ഇന്ത്യൻ സംഘം കീഴടങ്ങി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്നു. ആദ്യം ഇരു സംഘങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. 3-3 എന്നായിരുന്നു ഒരു ഘട്ടത്തിൽ പോയിന്റ് നില. പക്ഷേ ഇന്ത്യൻ സംഘത്തിന്റെ കരുത്താർന്ന സ്മാഷുകൾക്ക് മുന്നിൽ ചൈനീസ് തായ്‌പെ കീഴടങ്ങി. ഇരു സഖ്യങ്ങളും ഓരോ സെറ്റ് വീതം നേടിയപ്പോൾ വിജയികളെ നിർണയിക്കാൻ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ആദ്യ പോയിന്റുകൾ ഇന്ത്യ നേടിയത് ചൈനയെ സമ്മർദ്ദത്തിലാക്കി. 10-4ന് ഇന്ത്യയുടെ വിജയം.

ഏഷ്യൻ ​ഗെയിംസിൽ ഇത്തവണ ടെന്നിസിൽ ഇന്ത്യ നേടുന്ന രണ്ടാത്തെ മെഡലാണ് ബൊപ്പണ്ണ-ഋതുജ സഖ്യത്തിന്റേത്. ഇന്നലെ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യവും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ബോക്സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉണർത്തി ലവ്‌ലിന ബോര്‍ഗൊഹെൻ സെമിയിൽ കടന്നു. കൊറിയയുടെ സിയോങ്ക സുയോനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. ഏഷ്യൻ ​ഗെയിംസിൽ ഇന്ന് ഇന്ത്യയുടെ രണ്ട് മെഡലുകൾ സ്വന്തമാക്കി. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിലും ഇന്ത്യ വെള്ളിയണിഞ്ഞിരുന്നു. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം 35ലെത്തി. ഒൻപത് സ്വർണവും 13 വെള്ളിയും 13 വെങ്കലവും ഉൾപ്പടെയാണ് ഇന്ത്യയുടെ നേട്ടം.

Leave a Reply