You are currently viewing ഏഷ്യൻ ​ഗെയിംസ് സെയ്ലിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ

ഏഷ്യൻ ​ഗെയിംസ് സെയ്ലിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് 13-ാം മെഡൽ. ഇന്ത്യൻ താരം ഇബാദ് അലി സെയ്ലിങ്ങിൽ വെങ്കല മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ വിൻഡ്സർഫർ ആർഎസ്-എക്സ് ഇനത്തിലാണ് ഇബാദ് അലിയുടെ മെഡൽ നേട്ടം. 52 പോയിന്റുമായാണ് ഇബാദ് അലി മൂന്നാം സ്ഥാനത്തെത്തിയത്. തായ്‌ലൻഡിന്റെ നത്തഫോങ് ഫോണോഫാരത്തിന് വെള്ളിയും ജേതാവ് കൊറിയയുടെ വോൻവൂ ചോയ്ക്ക് സ്വർണവും ലഭിച്ചു.

നേരത്തേ വനിതാ സെയ്‌ലിങ്ങിലും ഇന്ത്യക്ക് മെഡൽ ലഭിച്ചിരുന്നു. ഇന്ത്യയുടെ നേഹ ടാക്കൂറാണ് വെള്ളി മെഡല്‍ നേടിയത്. ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തിലാണ് നേഹയുടെ നേട്ടം. നേഹയു‌ടെ കരിയറിലെ ആദ്യ മെഡലാണ് ഏഷ്യൻ ​ഗെയിംസിലേത്. സെയ്ലിങ്ങിൽ 27 പോയിന്റോടെയാണ് 17കാരിയായ താരം വെള്ളി മെഡൽ നേട്ടത്തിൽ എത്തിയത്. ഈ ഇനത്തിൽ ആദ്യമായാണ് ഇന്ത്യ മെഡൽ സ്വന്തമാക്കുന്നത്. 12-ാമത്തെ റെയ്സിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം.

ഏഷ്യൻ ​ഗെയിംസിൽ അശ്വാഭ്യാസം ഡ്രെസ്സേജ് വിഭാ​ഗത്തിൽ ഇന്ത്യ സ്വർണം നേടിയിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. 14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്. നാല് വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം സ്വന്തമാക്കി. ഏഷ്യൻ ​ഗെയിംസിന്റെ മൂന്നാം ദിനം ഇന്ത്യ ഇതുവരെ മൂന്ന് മെഡലുകൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ചൈനയാണ് ഒന്നാമത്.

Leave a Reply