You are currently viewing 2––1ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് മുറിവുണക്കി

2––1ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് മുറിവുണക്കി

കൊച്ചി
രണ്ട് പിഴവിൽ, രണ്ടടി കൊടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് 10–-ാംപതിപ്പിൽ ഒന്നാന്തരം തുടക്കമിട്ടു. ഐഎസ്എൽ ഫുട്‌ബോളിലെ ആദ്യകളിയിൽ 2––1ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് മുറിവുണക്കി. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനോട് തോറ്റായിരുന്നു മടക്കം. ഒപ്പം വിവാദങ്ങളും കൂടെക്കൂടി. ആ അപമാനഭാരം കൊച്ചിയിലെ നിറഞ്ഞ സ്‌റ്റേഡിയത്തിൽ ഇറക്കിവച്ചു.

ബംഗളൂരുവിനുപറ്റിയ രണ്ട് പിഴവുകൾ കൃത്യമായി ബ്ലാസ്‌റ്റേഴ്‌സ് മുതലാക്കുകയായിരുന്നു. ആദ്യത്തേത് അവരുടെ മധ്യനിരക്കാരൻ കെസിയ വീൻഡോർപ്പിന്റെ പിഴവ് ഗോൾ. രണ്ടാമത്തേത് ഗോൾകീപ്പർ ഗുർപ്രീത്‌സിങ് സന്ധുവിന്റെ അബദ്ധം. അത് മുതലെടുത്ത് അഡ്രിയാൻ ലൂണ തൊടുത്തു. പകരക്കാരനായെത്തിയ കർട്ടിസ് മെയിൻ അവസാന നിമിഷം ഒരെണ്ണം മടക്കി.

പുതിയ സീസണിൽ അടിമുടി മാറ്റങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിൽ അവതരിച്ചു. പ്രതിരോധം പൂർണമായും പുതുനിരയുടെ കാലിലായിരുന്നു. മോണ്ടിനെഗ്രോക്കാരൻ മിലോസ് ഡ്രിൻസിച്ചും പ്രീതം കോട്ടാലും പ്രതിരോധഹൃദയം കാത്തു. പ്രബീർ ദാസും ദോഹ്–ലിങ്ങും വശങ്ങളിൽ. മധ്യനിരയുടെ നിയന്ത്രണം ക്യാപ്റ്റൻ ലൂണയ്‌ക്കായിരുന്നു.മുന്നേറ്റത്തിൽ പുതിയ കൂട്ടുകെട്ടുണ്ടായി. ജപ്പാൻകാരൻ ദയ്സൂക്കെ സക്കായിയും ഘാനക്കാരൻ ക്വാമി പെപ്രയും.

മഴയിൽ മന്ദഗതിയിലായിരുന്നു തുടക്കം. പൂർണതയില്ലാത്ത നീക്കങ്ങൾ പാതിവഴിയിൽ ഒടുങ്ങി. മധ്യനിരയിൽനിന്നുള്ള ഒരുനീക്കംപോലും കൃത്യമായി മുന്നേറ്റത്തിലേക്ക് കണ്ണിചേർന്നില്ല. ബംഗളൂരുവിന്റെ അവസ്ഥയും സമാനമായിരുന്നു. അരമണിക്കൂർ കഴിയുമ്പോഴാണ് ലക്ഷ്യത്തിലേക്കുള്ള ആദ്യ ഷോട്ട് വന്നത്. പെപ്രയുടെ ദുർബലമായ അടി നേരെ ഗുർപ്രീത് സന്ധുവിന്റെ കൈയിലേക്കായി. മറുവശത്ത്‌ റോഷൻ സിങ്ങിന്റെ മനോഹരമായ ഒരു നീക്കം ബ്ലാസ്‌റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് ഒറ്റക്കൈകൊണ്ട് ബാറിനുമുകളിലൂടെ തട്ടിയകറ്റുകയായിരുന്നു.

ഇടവേളയ്‌ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയിൽ ചില മിന്നലാട്ടങ്ങൾ കണ്ടു. പെപ്രയും ലൂണയും സുന്ദരമായി കണ്ണിചേർന്നു.അതിന്റെ മാറ്റങ്ങളും കളത്തിൽ കണ്ടു. പെപ്രയുടെ ചാട്ടുളി ഷോട്ട് ഗുർപ്രീത് തട്ടിയകറ്റി, കോർണർ വഴങ്ങി. വലതുവശത്തുനിന്ന് ലൂണയുടെ കോർണർ. തടയാനായി ബംഗളൂരു പ്രതിരോധം ഒരുങ്ങി. പക്ഷെ അവരുടെ മധ്യനിരതാരം കെസിയ വീൻഡോർപ്പിന് പിഴച്ചു. ആ പിഴവുഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് ചിറകടിച്ചു. മറുവശത്ത്‌ ശിവശക്തിയുടെ ലോങ്ങ്‌ റേഞ്ച് ഷോട്ടിന് സച്ചിനെ കീഴടക്കാനുള്ള ശക്തിയുണ്ടായില്ല. എന്നാൽ, അപകടം ഒഴിഞ്ഞില്ല.

പകരക്കാരനായെത്തിയ പരാഗ് ശ്രീനിവാസിന്റെ തകർപ്പൻ ഹെഡർ ഒന്നുലച്ചതാണ്. പക്ഷെ ഇക്കുറിയും സച്ചിൻ വിട്ടുകൊടുത്തില്ല.
കളി പതുക്കെ ബ്ലാസ്‌റ്റേഴ്‌സ് നിയന്ത്രണത്തിലേക്ക് പൂർണമായും നീങ്ങി. ലൂണയും സക്കായിയും പെപ്രയും ഏതുനിമിഷവും വല ഭേദിക്കാൻ തയ്യാറായി കുതിച്ചു. മധ്യനിരയിൽ ഡാനിഷ് ഫാറൂഖ് കൃത്യമായി പന്തൊഴുക്കി.

68-–-ാംമിനിറ്റ്. ഗുർപ്രീത്‌സിങ് സന്ധു എന്ന പരിചയസമ്പന്നനും മിടുക്കനുമായ ഗോൾകീപ്പർ മഴത്തണുപ്പിലും വിയർത്തുപോയ നിമിഷം. സ്ലാവ്കൊ ഡാമിയാനോവിച് നീക്കിയിട്ട നിർദോഷമായ ബാക്ക് പാസ് നിയന്ത്രിച്ച്‌ മുന്നോട്ടടിക്കാനായിരുന്നു സന്ധുവിന്റെ ശ്രമം. പക്ഷെ പന്തിന്മേലുള്ള ആദ്യ സ്പർശം കനത്തതായിപ്പോയി. പന്ത് കാൽ വിട്ടു. തക്കംപാർത്തുനിന്ന ലൂണയ്‌ക്ക്‌ ആയാസപ്പെടേണ്ടി വന്നില്ല. ആ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് ജയം ഉറപ്പിച്ചു. അവസാനഘട്ടത്തിൽ മെയിൻ ഒരെണ്ണം മടക്കിയെങ്കിലും ജയം വിട്ടുകൊടുത്തില്ല. പരിക്കുസമയത്ത് വിബിൻ മോഹനന്റെ കരുത്തുറ്റ ഷോട്ട് ഗുർപ്രീത് തട്ടിയകറ്റുകയായിരുന്നു.ഒക്ടോബർ ഒന്നിന് ജംഷഡ്പുർ എഫ്സിയുമായാണ് അടുത്ത കളി. കൊച്ചിയാണ് വേദി.

Leave a Reply