You are currently viewing സലാർ റിലീസ് ഈ മാസമില്ല: തീയതി പിന്നീട്  അറിയിക്കും

സലാർ റിലീസ് ഈ മാസമില്ല: തീയതി പിന്നീട് അറിയിക്കും

ബംഗ്ലൂർ> കെ ജി എഫിന്റെ വൻ വിജയത്തിന് ശേഷം  പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിന്റെ റിലീസ് മാറ്റിയതായി നിർമ്മാതാക്കൾ ഔ​ഗ്യോ​ഗികമായി പ്രഖ്യാപിച്ചു. സലാറിൻറെ ഒന്നാം ഭാഗം, സലാർ പാർട്ട് 1 സീസ് ഫയർ സെപ്തംബർ 28ന് റിലീസാകും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

“സലാറിന് നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഞങ്ങൾ നന്ദി അറിയിക്കുകയാണ്. മുൻകൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാൽ ഒറിജിനൽ റിലീസ് തീയതിയായ സെപ്റ്റംബർ 28 ൽ നിന്നും ചിത്രം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നൽകുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിൻറെ അവസാന മിനുക്കുപണികൾ പുരോഗമിക്കവെ ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയിൽ ഒരു ഭാഗമാവുന്നതിന് നന്ദി”- ഹൊംബാളെ ഫിലിംസ്  അറിയിച്ചു.

കെജിഎഫും കാന്താരയുമുൾപ്പെടെ നിർമ്മിച്ച ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റെ നിർമ്മാതാക്കൾ. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ്  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.

Leave a Reply