You are currently viewing നിപയുടെ ഓര്‍മകളില്‍ മരവിച്ച്  വടക്കേക്കര

നിപയുടെ ഓര്‍മകളില്‍ മരവിച്ച് വടക്കേക്കര


കൊച്ചി
സംസ്ഥാനത്ത്‌ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാരക രോഗഭീതിയിൽ വിറങ്ങലിച്ച നാളുകളുടെ ഓർമയിൽ പറവൂർ വടക്കേക്കര പ്രദേശം. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ നിപ ബാധ ശമിച്ച്‌ ഒരുവർഷത്തിനുശേഷമാണ്‌ തൊടുപുഴയിലെ പൊളിടെക്‌നിക്‌ വിദ്യാർഥിയായ വടക്കേക്കര സ്വദേശിക്ക്‌ രോഗം ബാധിച്ചത്‌. 2019 ജൂൺ നാലിനാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി 54 ദിവസത്തെ ചികിത്സയിലൂടെ രോഗമുക്തനായി.

പനി ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ്‌ നിപ ലക്ഷണങ്ങൾ കണ്ടത്‌. ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലെ സ്രവ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലായി. വിദ്യാർഥിയുമായി സമ്പർക്കമുണ്ടായിരുന്ന 18 പേരെ നിരീക്ഷണത്തിലാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതോടൊപ്പം നിപ ബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കാൻ  എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഐസൊലേഷൻ വാർഡും സജ്ജമാക്കി. വിദഗ്‌ധ ഡോക്ടർമാരെയും നിയോഗിച്ചു. നിപ പ്രതിരോധപ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള കോഴിക്കോടുനിന്നുള്ള ആറു ഡോക്ടർമാരുമെത്തി.

വിദ്യാർഥി താമസിച്ച തൊടുപുഴയിലെ വാടകവീട്ടിലും പഠിക്കുന്ന കോളേജിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. വിവരശേഖരണവും നടത്തി. സമീപ പഞ്ചായത്തുകളിൽ ഉൾപ്പെടെ 318 പേരെ ഉൾപ്പെടുത്തി സമ്പർക്ക പട്ടികയുണ്ടാക്കി വിശകലനം  ചെയ്തു. 52 പേരെ ഹൈ റിസ്‌ക് വിഭാഗത്തിൽ തീവ്രനിരീക്ഷണത്തിലാക്കി. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പഞ്ചായത്ത്, ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിൽ ജാഗ്രതാ പരിശീലനം നൽകി. വടക്കേക്കര ഭാഗത്ത് വവ്വാലുകൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങൾ വനംവകുപ്പ് പരിശോധിച്ചു. രോഗവാഹകരായ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തി.

നിപയുടെ രണ്ടാംവരവ്‌ പ്രതീക്ഷിച്ചിരുന്നതിനാൽ സംസ്ഥാനം ആവശ്യമായ മുൻകരുതലുകളെടുത്തിരുന്നതിനാലാണ്‌ കൂടുതൽപ്പേരിലേക്കും പ്രദേശത്തേക്കും രോഗം പടരുന്നത്‌ തടയാനായത്‌. വടക്കേക്കരയിലെ യുവാവിനെ ജീവിതത്തിലേക്ക്‌ കൈപിടിച്ചു കയറ്റാനായി. കേരളത്തിന്റെ വലിയ വിജയം എന്നാണ്‌ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ യുവാവ്‌ രോഗമുക്തനായി ആശുപത്രി വിട്ട ദിവസം ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്‌.

Leave a Reply