You are currently viewing ഇന്ത്യ@76 മനുസ്മൃതിയിലേക്കോ ? തുല്യതയിലേക്കോ ?

ഇന്ത്യ@76 മനുസ്മൃതിയിലേക്കോ ? തുല്യതയിലേക്കോ ?

ഇന്ത്യൻ റിപ്പബ്ലിക്ക് അതിൻ്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വിവിധ മതങ്ങളുടെ ജന്മഭൂമിയായ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ നേതൃത്ത്വത്തിലെ ഹിന്ദുത്വ ശക്തികളുടെ പദ്ധതികൾ അതിന്റെ എല്ലാ ക്രൗര്യത്തോടും കൂടി വേഗത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ നമ്മുടെ രാജ്യം എഴുപത്തി ഏഴു വർഷങ്ങൾ പിന്നിടുന്ന ഈ ഘട്ടത്തിത്തിൽ മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന വർഗീയ കലാപങ്ങളും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ തന്നെ പ്രഖ്യാപനവും തുടങ്ങി ശാസ്ത്രം പ്രചരിപ്പിക്കണം എന്ന ഭരണഘടനാ ആശയത്തെ ഉദ്ധരിച്ചു കേരള സ്പീക്കർ നടത്തിയ പ്രസംഗത്തിനെതിരെയുള്ള ആക്രോശമടക്കം ഈ മതരാഷ്ട്ര നിർമ്മാണ പദ്ധതികളുടെ ഭാഗമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ സ്വാതന്ദ്ര്യ ദിനത്തിൽ ‘ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിക്കുന്നത് .
ഇന്ത്യയിൽ തുല്യാവകാശം ഉള്ള മനുഷ്യരായി ജീവിക്കാൻ ന്യൂനപക്ഷ സമുദായങ്ങളെ അനുവദിക്കില്ല എന്നതാണ് ഹിന്ദുരാഷ്ട്രവാദികളുടെ പ്രഖ്യാപിത നയം. ആർ.എസ്.എസിന്റെ രണ്ടാമത്തെ സർസംഘചാലകും സംഘപരിവാർ സൈദ്ധാന്തികനുമായ ഗോൾവാൾക്കർ അത് കൃത്യമായി എഴുതിച്ചിട്ടുള്ളതുമാണ്. വൻകിട മൂലധനത്തിൻ്റെ സൗഹൃദവും ഭരണകൂട അധികാരവും കയ്യിലുള്ള ഹിന്ദുത്വ ശക്തികൾ വള്ളിപുള്ളി വിടാതെ അതാണ് നടപ്പാക്കുന്നത്.
മണിപ്പൂരിലെ കുക്കി സമുദായത്തിലെ രണ്ടു സ്ത്രീകളെ പൂർണ്ണ നഗ്നയാക്കി പീഡിപ്പിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ രാജ്യം അങ്ങേയറ്റം ഞെട്ടലോടെ കണ്ടത് ജൂലായ് പത്തൊൻപതിനാണ്. മണിപ്പൂരിലെ ബി.ജെ.പി സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന ന്യൂനപക്ഷ വേട്ട തുടങ്ങി രണ്ട് മാസത്തിന് ശേഷമാണ് ആ വീഡിയോ പുറത്തു വന്നത്. തലയറുക്കലും ചുട്ടുകൊല്ലലും സ്ത്രീകൾക്കുനേരെ ബീഭത്സമായ അതിക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂരിന്റെ ദുരവസ്ഥ ഇതുവരെ മനസ്സിലാക്കിയതിനേക്കാൾ എത്രയോ ഭീകരമാണെന്ന് രാജ്യം മുഴുവൻ തിരിച്ചറിയുന്നത് അപ്പോഴാണ്. ന്യൂനപക്ഷ സമുദായങ്ങളെ ആട്ടിപ്പായിച്ചും അടിമപ്പെടുത്തിയും ഹിന്ദു രാഷ്ട്രം രൂപീകരിക്കാൻ വെമ്പുന്ന ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ബോധ്യപ്പെടാൻ നിലവിലെ മണിപ്പൂർ ശ്രദ്ധിച്ചാൽ മതിയാകും. അവിടത്തെ ഭീകര സംഭവങ്ങൾ ഒരു പ്രാദേശിക പ്രശ്നമായി ചുരുക്കി കാണാൻ ആർക്കും കഴിയില്ല. ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്താനുദ്ദേശിച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഭീഷണിയും വിദ്വേഷപ്രചാരണവും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ സ്ഥിരമായി നടന്നു വരുന്നുണ്ട്. ഭരണകൂട പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതും.
ബജ്‌രംഗ് ദള്ളിന്റെയു വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ ഹരിയാനയിലെ നൂഹ് ജില്ലയിൽ ജൂലായ് 31 നു നടന്ന കാലാപത്തിനു സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അതിനു ശേഷമുള്ള സംസ്ഥാന സർക്കാരിന്റെ മുസ്‌ലിം സമുദായത്തിന് എതിരായ ഏകപക്ഷീയമായ നടപടികൾ. ഈ വർഷം ഫെബ്രുവരി മാസത്തിൽ നസീർ , ജുനൈദ് എന്നീ രണ്ടു ചെറുപ്പക്കാരെ പശുകടത്തു ആരോപിച്ചു ചുട്ടു കൊലപ്പെടുത്തിയതിന് പോലീസ് അന്വേഷിക്കുന്ന ബജ്‌രംഗ് ദൾ നേതാവും പശുസംരക്ഷണ സേന ക്രിമിനലുമായ മോനു മനേസർ നൂഹി ജില്ലയിലെ മതാഘോഷ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് പ്രകോപനപരമായി പ്രഖ്യാപിച്ചിട്ടും കാര്യമായ നടപടികൾ എന്തെങ്കിലും കൈക്കൊള്ളാൻ ഹരിയാന സർക്കാർ തയ്യാറായിരുന്നില്ല. മണിപ്പൂരിൽ ക്രിസ്ത്യൻ സമുദായത്തിന് നേരെയാണെങ്കിൽ ഹരിയാനയിൽ മുസ്‌ലിം സമുദായത്തിന് നേരെയാണ് സംഘപരിവാർ അക്രമങ്ങൾ നടക്കുന്നത്.
ഈ വര്ഷം ജൂൺ എട്ടിനാണ് മഹാരാഷ്ട്രയിലെ ഇഗത് പുരിയിൽ പശുക്കടത്ത് ആരോപിച്ചു ബജറംഗ് ദളിന്റെ ഗോ രക്ഷക് പ്രവർത്തകർ ലുക്ക് മാൻ അൻസാരി എന്ന് പേരുള്ള ഒരു മുസ്ലീം ചെറുപ്പക്കാരനെ അടിച്ചു കൊന്നത്. പശുവിന്റെ പേരിലുള്ള കൊല നമുക്ക് വാർത്ത അല്ലാതായിട്ട് കാലം കുറച്ചധികമായല്ലോ. എന്നാൽ ഇതിനെ തുടർന്ന് ഗോ രക്ഷക് ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്യരുത് എന്നൊരു നിർദ്ദേശം മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുൽ നാവേക്കർ കൊടുത്തു എന്നത് ഈ ക്രിമിനൽ സംഘത്തിന് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയുണ്ട് എന്നതിന്റെ തെളിവല്ലാതെ പിന്നെന്താണ്.
പാണ്ഡവന്മാർ പണ്ടെങ്ങോ ചുറ്റിതിരിഞ്ഞ സ്ഥലമാണെന്നും പറഞ്ഞു മഹാരാഷ്ട്രയിയിലെ ജൽഗാവ് ജില്ലയിലെ ഒരു പള്ളിക്കെതിരെസംഘപരിവാർ കൊടുത്ത പരാതിയുടെ പുറത്ത് 160 ലധികം വർഷം പഴക്കമുള്ള മുസ്ലീം പള്ളിയിൽ പ്രാർത്ഥന നിരോധിച്ചു ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത് കഴിഞ്ഞ മാസമാണ്. ഗ്വാഹട്ടിയിൽ പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം മുസ്ലീങ്ങളാണെന്നും അതുകൊണ്ട് ഗ്വാഹട്ടിയിൽ നിന്നും മുസ്ലീങ്ങളെ ആട്ടിപായിച്ച്‌ ആ നഗരത്തെ ശുദ്ധീകരിക്കണമെന്നുമുള്ള ആഹ്വാനം ഹിന്ദു യുവാക്കൾക്ക് കൊടുത്തത് ആസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മയാണ്. അതായത് ഒരു സംസ്ഥാന മുഖ്യമന്ത്രിതന്നെ നേരിട്ട് വംശശുദ്ധീകരണത്തിനുള്ള കലാപാഹ്വനം നടത്തുന്ന സ്ഥിതിയിലേക്ക് നമ്മുടെ രാജ്യമെത്തി. ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത് ന്യൂനപക്ഷ വേട്ട എന്നത് ഒറ്റപ്പെട്ട സംഭവമല്ല രാജ്യത്ത്. അത് ഭരണകൂട ഒത്താശയോടെ ആസൂത്രിതമായി നടപ്പിലാക്കുന്ന പദ്ധതിയാണ് എന്ന് തന്നെയാണ്.
ഇത്തരത്തിൽ ആസൂത്രിതമായി നടക്കുന്ന അക്രമങ്ങളെയും, ന്യൂനപക്ഷ സമുദായങ്ങളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും കേന്ദ്രമന്ത്രിമാരുൾപ്പെടെ നടത്തുന്ന പ്രസ്താവനകളെയും, പൗരത്വ നിയമഭേദഗതി, ഏക സിവിൽ കോഡ് ഭീഷണി തുടങ്ങിയ നിയമനിർമ്മാണ നീക്കങ്ങളെയും ഒറ്റപ്പെട്ട വിഷയങ്ങളായി അവഗണിക്കാൻ പൗര സമൂഹത്തെ പ്രേരിപ്പിക്കുക എന്ന കൗശലമാണ് വൻകിട മാധ്യമങ്ങൾ ചെയ്യുന്നത്. എന്നാൽ അതെല്ലാം മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഓരോരോ നീക്കങ്ങളാണ്.
സെക്കുലർ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുക എന്ന അജണ്ടയുടെ ഭാഗമായുള്ള ന്യൂനപക്ഷ വേട്ടയ്ക്കുള്ള പല അടവുകളിൽ ഒന്ന് എന്ന നിലയ്ക്കാണ് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം ഇപ്പോൾ സജീവമായിരിക്കുന്നത്. ഈ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു കൊണ്ട് ന്യൂനപക്ഷസമുദായങ്ങൾക്ക് അവരുടെ മതപരമായ അസ്തിത്വം അനുവദിക്കില്ല എന്ന സംഘപരിവാർ അജണ്ടക്കെതിരെ മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പിന് കരുത്തുപകരുന്ന അഭിമാനകരമായ നിലപാടാണ് ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം.
നമ്മുടെ രാജ്യത്തിൻറെ മതനിരപേക്ഷ ഭരണഘടനയെ അട്ടിമറിച്ചു ഇന്ത്യയെ ഔപചാരികമായിത്തന്നെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണോ അതോ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന “കടലാസ്സിൽ മതനിരപേക്ഷത അനുഭവത്തിൽ ഹിന്ദുരാഷ്ട്രം” എന്ന സമ്പ്രദായം പോരേ എന്ന ചർച്ചയാണ് തീവ്രവലതുപക്ഷ കേന്ദ്രങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം, ഭരണഘടനയുടെ അടിസ്ഥാനപരമായ സെക്കുലർ ഉള്ളടക്കം പാർലമെൻ്ററി ഭൂരിപക്ഷം ഉപയോഗിച്ച് മാറ്റാൻ കഴിയില്ല (basic structure doctrine) എന്ന സിദ്ധാന്തത്തെ വെല്ലുവിളിച്ചുകൊണ്ട് രാജ്യസഭാംഗമായി മൂന്നര വർഷങ്ങൾക്ക് ശേഷം ആദ്യമായി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയ് പാർലമെന്റിൽ നടത്തിയ പ്രസംഗം ഇതിന്റെ ഒരു സൂചനയാണ്.
ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ എല്ലാ മാർഗ്ഗങ്ങളും അവലംബിക്കുന്ന മതരാഷ്ട്രവാദികൾക്കെതിരെ കരളുറപ്പോടെ പോരാടാൻ തയ്യാറുള്ള ജനതയാണ് കേരളീയർ എന്ന പ്രഖ്യാപനമാണ് ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാൻ പാടില്ല എന്ന നിയമസഭാ പ്രമേയം. കേരളത്തിൻ്റെ ഈ ദൃഢനിശ്ചയത്തെ അഭിമാനപൂർവ്വം സ്വാംശീകരിച്ചു കൊണ്ട് മതനിരപേക്ഷ ഇന്ത്യയുടെ നിലനില്പിനുള്ള നിരന്തര സമരത്തിൽ പങ്കാളികളാവുകയാണ് മുഴുവൻ മതനിരപേക്ഷ വാദികൾക്കും ഇപ്പോൾ ചെയ്യാനുള്ളത്
ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും മതരാഷ്ട്രത്തിലേക്കുള്ള ചുവടുകൾ ഉറപ്പിച്ചു വയ്ക്കുമ്പോൾ അതിനെ ഏതെങ്കിലും തരത്തിൽ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സിൻന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നത് യാഥാർഥ്യമാണ്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ തന്റെ വർഗീയ പ്രസ്താവനകൾ കൊണ്ടും തീവ്ര ഹിന്ദുത്വ നിലപാടുകൾ കൊണ്ടും കുപ്രസിദ്ധനായ “ഭഗേശ്വര ബാബ” യ്ക്ക് ചുവന്ന പരവതാനി വിരിച്ചുള്ള കോണ്ഗ്രസ്സിന്റെ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം. ഇതിനുള്ള കാരണം, ഈ ബാബയ്ക്ക് വലിയ സ്വാധീനമുള്ള ബുണ്ടേൽഖണ്ഡ് മേഖലയിലുള്ള 26 നിയമ സഭ സീറ്റുകളിലുള്ള കണ്ണാണ് തീവ്രഹിന്ദുത്വയോട് കൈകോർക്കാൻ കോൺഗ്രസ്സിനെ പ്രേരിപ്പിക്കുന്നത്. കേരളത്തിലാണെങ്കിൽ സ്പീക്കർക്കെതിരെ സംഘപരിവാറും ചില സമുദായ സംഘടനാ നേതാക്കളും ഉയർത്തിയ പരിഹാസ്യമായ വെല്ലുവിളികളോടൊപ്പം കോൺഗ്രസ് ചേരുന്നതും നാം കണ്ടതാണ് . സാധാരണ മനുഷ്യരുടെ മനസ്സിൽ മിത്തോളജിയും ചരിത്രവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം മതരാഷ്ട്രവാദത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുന്നതാണ്. അതിനെ പ്രതിരോധിക്കുക എന്നത് ഭാരതത്തിൻ്റെ പുരോഗതി ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ്. ബഹുമാനപ്പെട്ട കേരള സ്പീക്കർ നടത്തിയ പ്രസംഗം ഒരു ആധുനിക റിപ്പബ്ലിക് എന്ന ഇന്ത്യയുടെ അസ്തിത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എന്ന് കോൺഗ്രസ്സുകാർക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ രഷ്ട്രീയ മൂല്യങ്ങൾ കോൺഗ്രസ്സ് പാർട്ടിയിലും പ്രബലമാണ് എന്നത് കൊണ്ട് തന്നെയാണ്.അതുകൊണ്ട് നമ്മുടെ രാജ്യത്തെ സങ്കുചിതമായ ജാതി ചിന്തകൾ കൊണ്ട് വേർതിരിക്കപ്പെട്ട അസമത്വത്തിന്റെ റിപ്പബ്ലിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.
പട്ടിണിയും ദാരിദ്യ്രവും , തൊഴിലില്ലായ്മയും കൊണ്ട് രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും പൊറുതിമുട്ടുമ്പോൾ, അതിനെ മറികടക്കാൻ രാജ്യത്തെ മതേതര പുരോഗമന ശക്തികൾ ഒരു തുല്യതയുടെ റിപ്പബ്ലിക്ക് മുന്നിൽ സ്വപ്നം കാണുമ്പോൾ അസ്വമതത്തിന്റെ മനുസ്മൃതിയുടെ ഇരുണ്ട കാലത്തേക്ക് രാജ്യത്തെ മതരാഷ്ട്രത്തിലൂടെ പിന്തള്ളാനാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. തങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചു രണ്ടാം നിര പൗരന്മാരായി ഈ രാജ്യത്ത് ജീവിക്കാൻ തയ്യാറാകാത്ത ന്യൂനപക്ഷ സമുദായങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ സാമൂഹ്യ ധർമ്മം എന്ന് തീരുമാനിച്ചിറങ്ങിയവർ വഴിയൊരുക്കിയ അധ:പതനത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന് മുന്നിട്ടിറങ്ങുക എന്നത് ജനാധിപത്യ മതേതര വിശ്വാസികളെ ഈ കാലം ഏല്പിക്കുന്ന ദൗത്യമാണ്. ഡി.ഐ.എഫ്.ഐ ആ ചുമതല പൂർണ്ണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയാണ്.

വി കെ സനോജ്
സെക്രട്ടറി
DYFI കേരള സംസ്ഥാന കമ്മറ്റി

Leave a Reply