നെപ്പോട്ടിസമല്ല യോഗ്യത, മെറിറ്റിലാണ് ജെയ്ക് എത്തുന്നത്

രക്തച്ചൊരിച്ചിൽ ഇല്ലാത്ത യുദ്ധമാണ് രാഷ്ട്രീയം എന്ന് നിർവചിച്ചത് മാവോയാണ്.
യുദ്ധത്തിൽ ജയിക്കുവാനായി അടർക്കളത്തിൽ പല തന്ത്രങ്ങളും യോദ്ധാക്കൾ പുറത്തിറക്കാറുണ്ട്. പക്ഷേ അവിടെയും ‘ധാർമികത’ എന്നൊന്നിന് വല്ലാത്ത പ്രസക്തിയുണ്ട്. പുതുപ്പള്ളിയിൽ കളമൊരുങ്ങുന്നത് നിലപാടുകളുടെ യുദ്ധത്തിന് തന്നെയാണ്. പക്ഷേ ആ യുദ്ധത്തിൽ നിലപാടുകൾ ചർച്ചയാവരുതെന്ന് ബോധപൂർവ്വം ശ്രദ്ധിക്കുകയാണ് യു.ഡി.എഫ്. കേരളത്തിന്റെ പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത നിലയിൽ ഒരു തിരഞ്ഞെടുപ്പിന്റെ അജണ്ടയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുവാൻ വല്ലാതെ പണിപ്പെടുന്നുണ്ട് UDF.
പുതുപ്പള്ളി മണ്ഡലത്തെ 53 വർഷം പ്രതിനിധീകരിച്ച ബഹു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അസാധാരണമായ പ്രതീതികൾ സൃഷ്ടിച്ച് കേരളം കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണെന്ന തരത്തിലേക്ക് അദ്ദേഹത്തെ അവതരിപ്പിച്ച് അദ്ദേഹത്തിന്റെ മകൻ എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടണമെന്ന പ്രചരണമാണ് കോൺഗ്രസും യുഡിഎഫും അഴിച്ചുവിടുന്നത്.
രാഷ്ട്രീയം മാവോയുടെ വാക്കുകൾ കടമെടുത്താൽ രക്തച്ചൊരിച്ചിൽ ഇല്ലാത്ത യുദ്ധം പാരമ്പര്യം പറഞ്ഞാണോ ആരെങ്കിലും നേരിടുന്നത്. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം അമേഠിയിൽ രാഹുൽ ഗാന്ധിയെ രക്ഷിക്കാൻ എത്തിയില്ല എന്ന സമീപകാല അനുഭവം പോലും കോൺഗ്രസിന്റെ കണ്ണ് തുറപ്പിച്ചില്ല എന്നാണ് വർത്തമാനകാല കേരള രാഷ്ട്രീയം സാക്ഷ്യപ്പെടുത്തുന്നത്.
ഇന്ന് ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന വി.ഡി സതീശൻ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് തീവെട്ടി കൊള്ളയാണ് നടക്കുന്നത് എന്ന് പരസ്യമായി വിമർശനം ഉന്നയിച്ച ആളാണ്. മദ്യ മാഫിയയുടെ ഏജന്റായും, കള്ളക്കടത്തുകാരുടെ ഏജന്റായും ഉമ്മൻചാണ്ടിയെ വിശേഷിപ്പിച്ചത് കെ.മുരളീധരനാണ്. ഇതുപോലെയുള്ള ചതിയന്മാരെ ജീവിതത്തിൽ കണ്ടിട്ടില്ല എന്ന് ഉമ്മൻചാണ്ടിയെ പരോക്ഷമായി വിമർശിച്ചത് അദ്ദേഹത്തിന്റെ പിതാവ് കെ. കരുണാകരനാണ്. ബാർ ലൈസൻസ് വിവാദത്തിൽ ഉമ്മൻചാണ്ടിയുടെ കൈകൾ ശുദ്ധമായിരിക്കണം എന്ന് പ്രതികരിച്ചത് വി എം സുധീരനാണ്. ഇങ്ങനെ കേരള രാഷ്ട്രീയം കഴിഞ്ഞ പതിറ്റാണ്ടിൽ കേട്ട ഈ പ്രതികരണങ്ങളെല്ലാം ഒരു സുപ്രഭാതത്തിൽ മറവിയുടെ കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു എന്നാണോ കോൺഗ്രസ് നേതൃത്വം കരുതുന്നത്? മുൻ മുഖ്യമന്ത്രി എന്നുള്ള നിലയിൽ ഉമ്മൻചാണ്ടിയെ കേരള രാഷ്ട്രീയവും, സമൂഹവും അർഹിക്കുന്ന ആദരവ് നൽകി തന്നെയാണ് യാത്രയാക്കിയത്. ആ രാഷ്ട്രീയ മര്യാദയുടെ ഔന്നിത്യത്തിൽ സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം കലർപ്പില്ലാത്ത മാതൃക സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അവിടെയും കെ.സുധാകരൻ എന്ന രാഷ്ട്രീയ മര്യാദയുടെ ക്ലാസ്സിൽ ഒരിക്കലും കയറാത്ത കെ.പി.സി.സി അധ്യക്ഷൻ തന്റെ നിലവാരം ഇപ്പോഴും ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്ന കാലത്ത് നിന്ന് അല്പം പോലും ഉയർന്നിട്ടില്ല എന്ന് തെളിയിച്ചു. ഇവിടെ സി.പി.ഐ.എമ്മും,കേരള രാഷ്ട്രീയവും കാട്ടിയ രാഷ്ട്രീയ മര്യാദയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വിജയത്തിനായി തെല്ലു മുളുപ്പില്ലാതെ ഉപയോഗിക്കുവാൻ കോൺഗ്രസിന് കഴിയുന്നു എന്നുള്ളത് അത്ഭുതമാണ്.
എന്താണ് കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പിന്റെ അജണ്ടയെ സെറ്റ് ചെയ്യുവാൻ താല്പര്യമെന്ന ചോദ്യം നമ്മുടെ ഏവരുടെയും മനസ്സിൽ ഉയരും. ഒന്നാമത്തെ കാരണം മണ്ഡലത്തിലെ വികസനത്തെ മുൻനിർത്തി നിങ്ങൾ ഈ നേട്ടങ്ങൾ വോട്ട് നൽകൂവെന്ന് പറയുവാൻ കഴിയാത്ത അവസ്ഥയാണ്.
53 വർഷക്കാലത്തെ യുഡിഎഫിന്റെ മണ്ഡലം ആയിരുന്ന പുതുപ്പള്ളി ഇന്നും വികസന പ്രശ്നങ്ങൾ വീർപ്പുമുട്ടുന്നു എന്ന യാഥാർത്ഥ്യബോധമാണ് കോൺഗ്രസിനെ തെരഞ്ഞെടുപ്പിന്റെ അജണ്ട രാഷ്ട്രീയമാവാതെ ഇരിക്കാനുള്ള ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
സ്ഥാനാർഥി എന്നുള്ള നിലയിൽ സ. ജെയ്ക് ഉയർത്തുന്ന കനത്ത വെല്ലുവിളി തന്നെയാണ് രണ്ടാമത്തെ കാര്യം. ഗിമ്മിക്കുകൾക്ക് അപ്പുറത്തേക്ക്, തിരക്കഥയെ അരങ്ങിലെത്തിക്കുന്ന സിനിമകളെ വെല്ലുന്ന തരത്തിൽ അരങ്ങേറുന്ന അഭിനയ സാധ്യതകൾക്കപ്പുറത്ത് രാഷ്ട്രീയം മണ്ഡലത്തിൽ ഏതെങ്കിലും മൂലയിൽ തീപ്പൊരിയായി ചർച്ച ചെയ്തു തുടങ്ങിയാൽ അരനൂറ്റാണ്ട് കാലത്തെ വികസന നിഷേധത്തിനുള്ള പ്രതിഷേധ തീയായി അത് ആളിക്കത്തും എന്നുള്ള ഉറപ്പാണ് രണ്ടാമത്തെ കാര്യം.
ഒന്നുമാത്രമാണ് ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുവാനുള്ളത്. കുടുംബവാഴ്ചയ്ക്കപ്പുറത്ത്, ബോധപൂർവ്വം സൃഷ്ടിക്കുന്ന വൈകാരിക തലങ്ങൾക്കപ്പുറത്ത് ജനപ്രതിനിധി യോഗ്യത തെളിയിക്കേണ്ടത് മുൻകാല പ്രവർത്തനത്തിലൂടെ തന്നെയായിരിക്കണമെന്ന് ഞങ്ങൾ ദൃഢതയോടെ ഓർമ്മിപ്പിക്കുന്നു. പോയ നാളുകളിലെ സമര പോരാട്ടങ്ങളിൽ ആർജ്ജവമുള്ള ശബ്ദം പുതുപ്പള്ളിയിൽ നിന്ന് ഉയർന്നു കേട്ടതിന്റെ പിന്നിൽ 33 കാരനായ ജേയ്ക് തോമസ് ഉണ്ടായിരുന്നു എന്ന് ആവേശത്തോടെ ഞങ്ങൾ പറഞ്ഞുവയ്ക്കുന്നു. ആ ശബ്ദമാണ് പുതുപ്പള്ളിക്കായി കേരള നിയമസഭയിൽ മുഴങ്ങേണ്ടത് എന്ന് പുതുപ്പള്ളിക്കാർ തന്നെ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങളോടെ.

എസ്. ആർ അരുൺബാബു

Leave a Reply